ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന്റെ ഒരു ദിവസം


ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന്റെ ഒരു ദിവസം

പ്ലാൻ മാറാം... ലക്ഷ്യം മാറില്ല

Sarathkumar Kattoor 
Management Consultant 
Paddle Business Consultants 

------------------------------------

ഓരോ സ്ഥാപനവും ഒരു പുതിയ പാഠം...
ഓരോ ദിവസവും ഒരു പുതിയ അനുഭവം.

മാനേജ്മെന്റ് കൺസൾട്ടിംഗ് എന്നത് ഒരു ജോലി മാത്രമല്ല; അത് ഒരു തുടർച്ചയായ പഠനയാത്രയാണ്. ഓരോ ദിവസവും സ്ഥാപനങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ അവിടുത്തെ പ്രവർത്തനരീതി, സംഘടനാ സംസ്കാരം, മനുഷ്യരുടെ ചിന്തകൾ, വെല്ലുവിളികൾ, വിജയങ്ങൾ—എല്ലാം വ്യത്യസ്തമാണ്.

രാവിലെ Client ന്റെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്ത...

"ഇന്ന് പ്ലാൻ ചെയ്തതെല്ലാം സമയത്തിന് പൂർത്തിയാക്കണം."

ആ ദിവസത്തെ മീറ്റിംഗുകൾ, ഷോറൂം /ഫാക്ടറി സന്ദർശനങ്ങൾ, ജീവനക്കാരുമായുള്ള ചർച്ചകൾ, മാനേജ്മെന്റ് റിവ്യൂ, റിപ്പോർട്ട് തയ്യാറാക്കൽ... എല്ലാം കൃത്യമായി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാം പ്ലാൻ ചെയ്ത് ഓഫീസിൽ എത്തും...

പക്ഷേ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ആദ്യ ഫോൺ.

"സാർ, മീറ്റിംഗ് ഒരു മണിക്കൂർ പോസ്റ്റ്പോൺ ചെയ്യാമോ... ഞാൻ എത്താൻ കുറച്ചു താമസിക്കും അല്ലെങ്കിൽ പ്ലാൻ ചെയ്യാത്ത ഒരു മീറ്റിംഗ് കയറി വന്നു... ഇങ്ങനെ ചിലതാകാം കാരണം."

ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന്റെ ഏറ്റവും വലിയ കഴിവ് സമയം നിയന്ത്രിക്കുന്നത് മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതാണ് എന്ന് മനസിലാക്കി അതിനനുസരിച്ച് സമയം ക്രമികരിക്കേണ്ടി വരും.

▪️കൺസൾട്ടന്റ് ഓഫീസിലെത്തുമ്പോൾ

സ്ഥാപനത്തിന്റെ ഗേറ്റിലൂടെ ഒരു മാനേജ്മെന്റ് കൺസൾട്ടന്റ് അകത്തേക്ക് കയറുന്നതോടെ, ഓരോ മുഖത്തും ഓരോ ഭാവങ്ങളായിരിക്കും.

- ചിലർ ചിരിച്ചുകൊണ്ട് സ്വീകരിക്കും...
- ചിലർക്ക് ചെറിയൊരു ആശങ്കയും കാണാം.
- മറ്റുചിലർക്ക് കൗതുകമാണ്.

യഥാർത്ഥത്തിൽ ഈ പ്രതികരണങ്ങളൊന്നും വ്യക്തിപരമല്ല. മാറ്റത്തെക്കുറിച്ചുള്ള സ്വാഭാവികമായ മനുഷ്യപ്രതികരണങ്ങളാണ്. എന്നാൽ കുറച്ച് സമയം സംസാരിച്ചുകഴിഞ്ഞാൽ ആ അകലം മാറും. കൺസൾട്ടന്റ് കുറ്റം കണ്ടെത്താൻ വന്നയാളല്ലെന്നും, സ്ഥാപനവും ടീമും കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കാനാണ് എത്തിയതെന്നും മനസ്സിലാകുമ്പോൾ മുഖങ്ങളിലെ ആ ഭാവവും മാറിത്തുടങ്ങും.

അപ്പോഴാണ് ഏറ്റവും വിലപ്പെട്ട സംഭാഷണങ്ങൾ ആരംഭിക്കുന്നത്. "സാർ, ഞങ്ങൾ കുറേ നാളായി പറയണമെന്ന് വിചാരിച്ച ഒരു കാര്യമുണ്ട്..." എന്ന വാചകത്തോടെയാണ് പല നല്ല മാറ്റങ്ങളുടെയും തുടക്കം.

▪️ക്ലയന്റിന്റെ ഓഫീസിലെത്തിയാൽ പലപ്പോഴും കേൾക്കുന്ന ഒരു വാചകമുണ്ട്.

"സാർ... ഒരു അഞ്ച് മിനിറ്റ്."

ആ അഞ്ച് മിനിറ്റ് ചിലപ്പോൾ അമ്പത് മിനിറ്റാകും.

പുറമേ നോക്കുമ്പോൾ അത് ഒരു വൈകലായി തോന്നാം. എന്നാൽ ഒരു കൺസൾട്ടന്റിന് ആ സമയം പോലും പഠിക്കാനുള്ള അവസരമാണ്. ഓഫീസിലെ പ്രവർത്തനരീതി, ജീവനക്കാരുടെ ആശയവിനിമയം, തീരുമാനങ്ങൾ എടുക്കുന്ന വേഗത, സമയനിയന്ത്രണം... പല കാര്യങ്ങളും ആ കാത്തിരിപ്പിനിടയിൽ തന്നെ മനസ്സിലാക്കാൻ കഴിയും.

കാരണം, ഒരു സ്ഥാപനത്തെ മനസ്സിലാക്കാൻ മീറ്റിംഗ് റൂം മാത്രം പോരാ, സ്ഥാപനത്തിന്റെ ദൈനംദിന ജീവിതവും കാണണം.

▪️മീറ്റിംഗ് ആരംഭിക്കുന്നു.

- "സിസ്റ്റം വേണം."

- "ഡിസിപ്ലിൻ വേണം."

- "അക്കൗണ്ടബിലിറ്റി വേണം."

ഇത് മിക്ക സ്ഥാപനങ്ങളിലും കേൾക്കുന്ന ആവശ്യങ്ങളാണ്.

എന്നാൽ കൺസൾട്ടന്റിന്റെ ജോലി ഈ വാക്കുകൾ കേട്ട് കുറിച്ചുവെക്കുക മാത്രമല്ല.

'എന്തുകൊണ്ടാണ് സിസ്റ്റം ഇല്ലാത്തത്?'

'എന്തുകൊണ്ടാണ് അത് നിലനിൽക്കാത്തത്?'

'യഥാർത്ഥ പ്രശ്നം എവിടെയാണ്?'

എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് യഥാർത്ഥ കൺസൾട്ടിംഗ്.

കാരണം, ലക്ഷണങ്ങൾക്ക് ചികിത്സ നൽകുന്നതും രോഗത്തിന്റെ കാരണം കണ്ടെത്തുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.

പലപ്പോഴും മീറ്റിംഗ് അവസാനിക്കുമ്പോൾ ഒരു അഭിപ്രായം കേൾക്കാം.

"സാർ... ഇതൊക്കെ അടുത്ത മാസം മുതൽ നോക്കാം."

ഇവിടെ ഒരു യാഥാർത്ഥ്യമുണ്ട്.

ഒരു സ്ഥാപനം മാറ്റിമറിക്കുന്നത് ഒരു മീറ്റിംഗോ ഒരു റിപ്പോർട്ടോ അല്ല.

അത് മാനേജ്മെന്റിന്റെ സ്ഥിരതയുള്ള തീരുമാനങ്ങളും ജീവനക്കാരുടെ സഹകരണവും തുടർച്ചയായ ഫോളോ-അപ്പും ചേർന്നാണ് സംഭവിക്കുന്നത്.

കൺസൾട്ടന്റ് വഴി കാണിച്ചുതരും.

ആ വഴിയിലൂടെ നടക്കേണ്ടത് സ്ഥാപനം തന്നെയാണ്.

കൺസൾട്ടിംഗിൽ ഏറ്റവും വിലപ്പെട്ടത് അറിവ് മാത്രമല്ല.

പുറത്തുനിന്നുള്ള ഒരു നിഷ്പക്ഷ കാഴ്ചപ്പാടാണ്.

ഒരു സ്ഥാപനത്തിനുള്ളിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവർക്ക് ചില പ്രശ്നങ്ങൾ സ്വാഭാവികമായി തോന്നാം.

പക്ഷേ പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് അതുതന്നെ വലിയ മെച്ചപ്പെടുത്തൽ അവസരമായി കാണാം.

അതുകൊണ്ടാണ് കൺസൾട്ടന്റിന്റെ നിരീക്ഷണങ്ങൾക്ക് പ്രത്യേക പ്രാധാന്യമുള്ളത്.

▪️ഒരു കൺസൾട്ടിംഗ് പ്രോജക്റ്റ് വിജയിക്കണമെങ്കിൽ ക്ലയന്റും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

- പ്രശ്നങ്ങൾ മറച്ചുവെക്കാതെ തുറന്ന് പങ്കുവെക്കുക.

- ആവശ്യമായ വിവരങ്ങൾ സമയബന്ധിതമായി നൽകുക.

- മാറ്റങ്ങൾ നടപ്പിലാക്കാൻ മാനേജ്മെന്റ് പ്രതിബദ്ധത കാണിക്കുക.

- ജീവനക്കാരെ മാറ്റത്തിന്റെ പങ്കാളികളാക്കുക.

- കൺസൾട്ടന്റിനെ ഒരു ഓഡിറ്ററായല്ല, വളർച്ചയുടെ പങ്കാളിയായാണ് കാണേണ്ടത്.

- നിർദേശങ്ങൾ കേൾക്കുക മാത്രമല്ല, അവ നടപ്പിലാക്കാൻ സമയപരിധി നിശ്ചയിക്കുക.

▪️വൈകുന്നേരം മടങ്ങുമ്പോൾ രാവിലെ തയ്യാറാക്കിയ പ്ലാൻ മുഴുവനായും പൂർത്തിയായിരിക്കണമെന്നില്ല.

- പക്ഷേ ഒരു സ്ഥാപനം കുറച്ചുകൂടി വ്യക്തത നേടിയിട്ടുണ്ടാകും.
- ഒരു ടീം ഒരു പുതിയ ആശയം ചർച്ച ചെയ്തിട്ടുണ്ടാകും.
- ഒരു മാനേജർ ഒരു പുതിയ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടാകും.
അതാണ് ഒരു കൺസൾട്ടന്റിന്റെ ദിവസത്തിലെ ഏറ്റവും വലിയ നേട്ടം.

കാരണം...

മാനേജ്മെന്റ് കൺസൾട്ടിംഗ് എന്നത് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ജോലി മാത്രമല്ല. സ്ഥാപനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന പ്രക്രിയയാണ്.

- ഓരോ ദിവസവും പ്ലാൻ മാറാം.

- മീറ്റിംഗ് സമയം മാറാം.

- സാഹചര്യങ്ങൾ മാറാം.

എന്നാൽ ഒരു നല്ല കൺസൾട്ടന്റിന്റെ ലക്ഷ്യം ഒരിക്കലും മാറില്ല.

അതുതന്നെയാണ് ഒരു കൺസൾട്ടന്റിന്റെ ദിവസത്തിന് യഥാർത്ഥ അർത്ഥം നൽകുന്നത്.

Popular posts from this blog

മുൻധാരണകൾ ഉണ്ടാക്കുന്ന അപകടങ്ങൾ – വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും.

മനോഭാവമോ അനുഭവപരിചയമോ? നിയമനത്തിലെ യഥാർത്ഥ വെല്ലുവിളി

ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക